JIaja4pEURY-SD

തിരഞ്ഞെടുപ്പ് പ്രകടനപത്രിക നിയമവിധേയമാക്കേണ്ടതല്ലേ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഭാരതം. ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് മാനിഫെസ്റ്റോ അഥവാ പ്രകടനപത്രിക. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രകടനപത്രികയുടെ അടിസ്ഥാനമാക്കിയാണ് വോട്ട് തേടുന്നതും അധികാരത്തില്‍ വരുന്നതും. രാജ്യത്തിന്റെ സമസ്തമേഖലയിലേക്കുമുള്ള നിരവധിയായ വാഗ്ദാനങ്ങളാണ് ഈ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ അധികാരത്തിലേറിയാല്‍ വാഗ്ദാനങ്ങളെ പാടെ മറക്കുന്ന പ്രവണതയാണ് ഇതുവരെ കണ്ടുവരുന്നത്. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിലും ഭരണഘടന നടപടികള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ചവറ്റുകുട്ടയിലാണ് പ്രകടനപത്രികയുടെ സ്ഥാനം. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവ വീണ്ടും ആവര്‍ത്തിച്ച് ജനങ്ങളെ പറ്റിക്കുന്ന പതിവ് രീതിയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചെയ്തുപോരുന്നത്. ആരും ഇതില്‍ നിന്ന് മുക്തരല്ല.
ഇവിടെയാണ് പ്രകടനപത്രിക പൂര്‍ണ്ണതോതില്‍ നടപ്പിലാക്കണമെന്ന ആവശ്യം ട്രയാംഗിള്‍ മുന്നോട്ട് വെക്കുന്നത്.

  1. പ്രകടനപത്രിക ഒരു നിയമബാധ്യത രേഖയായി അംഗീകരിക്കപ്പെടണം,
  2. ആ രേഖയ്ക്ക് ഒരു പ്രോമീസറി നോട്ടിന്റെ ലീഗല്‍ വാലിഡിറ്റി ഉള്ള അഫിഡവിറ്റോടുകൂടി മാത്രമേ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രകടനപത്രിക പ്രസിദ്ധീകരിക്കുവാന്‍ അനുവദിക്കുകയുള്ളൂ. ഈ സത്യവാങ്മൂലം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാനാകൂ.
  3. പ്രകടനപത്രിക ലംഘിച്ചാല്‍ ആ പാര്‍ട്ടികള്‍ക്കും ഭരണകുടങ്ങള്‍ക്കുമെതിരെ സിവില്‍ ആയും, ക്രിമിനല്‍ ആയും വാഗ്ദത്ത ലംഘനത്തിന് കേസ് ഫയല്‍ ചെയ്യാനും വോട്ടര്‍മാര്‍ക്ക് അവകാശ അധികാരം ഉണ്ടായിരിക്കും
  4. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനപത്രിക രേഖ സമര്‍പ്പിക്കുമ്പോള്‍ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വിലയിരുത്തലുകള്‍ നടത്തി കഴിഞ്ഞതവണ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വ്വേയുടേയും ബഡ്ജറ്റ് നിര്‍വ്വഹണ രേഖയുടേയും, സി.എ.ജിയുടേയും ആധികാരിക രേഖകള്‍ പരിശോധിച്ചായിരിക്കണം രൂപപ്പെടുത്തേണ്ടത്,
  5. ഇവ ലംഘിക്കപ്പെട്ടാല്‍ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കുന്ന വിധത്തില്‍ ഭാരതത്തിലെ തിരഞ്ഞെടുപ്പ് ചട്ടം പുനര്‍ക്രമീകരിക്കപ്പെടണം

ഈ ദിശയില്‍ നാം ദൃഢമായ ഒരു ജനാധിപത്യ പൗരപ്രസ്ഥാനം കെട്ടിപ്പെടുത്തില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒപ്പിട്ട് ജനസമക്ഷം സമര്‍പ്പിക്കുന്ന ഈ ആധികാരിക രേഖയ്ക്ക് ഭരണം കിട്ടിക്കഴിഞ്ഞാല്‍ ഒരു കടലാസിന്റെ വില പോലും ഉണ്ടാകില്ല. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനുള്ള ഒരു ജനകീയ പ്രസ്ഥാനം പൗരത്വബോധമുള്ള സകലപേരുടേയും പിന്തുണയോടെ ഉയര്‍ത്തി കൊണ്ടുവരികയാണ് ട്രയാംഗിളിന്റെ ലക്ഷ്യം. ഈ വാദത്തിന് പ്രാഥമികമായ ഭരണഘടനാ സാധ്യത ഉണ്ട് എന്നുള്ളതുകൊണ്ടാണ് പ്രകടനപത്രിക ഒരു നിയമബാധ്യത രേഖയാക്കണം എന്ന നമ്മുടെ കേസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് സ്വീകരിച്ചതും അതിനെതുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നോട്ടീസുകള്‍ അയച്ചതും.
പ്രകടനപത്രികയിലൂടെ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് വാങ്ങി അധികാരത്തിലെത്തുന്നവര്‍ ജനങ്ങളെ വഞ്ചിച്ചാല്‍ അത് വിശ്വാസ വഞ്ചനയാണ്. ഇനി അത്തരം വിശ്വാസവഞ്ചനക്ക് ഇന്ത്യന്‍ ജനത തയ്യാറല്ലെന്ന മുന്നറിയിപ്പാണ് ട്രയാംഗിള്‍ മുന്നോട്ട് വെക്കുന്ന ആശയം. ഇതിലേക്കായി നാമൊന്നായി ട്രയാംഗിളിന് ഒപ്പം അണിചേരാം.

One Response

Add a Comment

Your email address will not be published. Required fields are marked *