
കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും സംസ്ഥാനത്ത് നല്‍കുന്നത്. നിലവില്‍ ചെയര്മാന് 2.26 ലക്ഷവും അംഗങ്ങള്‍ക്ക് 2.23 ലക്ഷവും ആണ് ശമ്പളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി അംഗങ്ങള്‍ കേരളത്തിലാണ്. 21 പേര്. നിലവില്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും വാര്‍ഷിക ശമ്പളം 5.59കോടിയാണ്. നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും മെമ്പര്‍മാരുടേത് 70,000 രൂപയും ആണ്. ബത്തകള്‍ ചേരുമ്പോള്‍ ചെയര്‍മാന്റെ മൊത്തം ശമ്പളം 2.26 ലക്ഷമാണ്. കൂടാതെ കാറും ഫ്ലാറ്റും. വര്‍ദ്ധന വന്നാല്‍ അടിസ്ഥാന ശമ്പളം ചെയര്മാന് 2.24 ലക്ഷവും മെമ്പര്‍മാര്‍ക്ക് 2.19 ലക്ഷവും ആയി ഉയരും. ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ ചെയര്മാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും. നിലവില്‍ 1.25 ലക്ഷമാണ് ചെയര്‍മാന്റെ പെന്ഷന്. അംഗങ്ങള്‍ക്ക് 1.20 ലക്ഷവും. സംസ്ഥാനത്തെ 19 പി.എസ്.സി. അംഗങ്ങള്‍ക്ക് മാസം ശമ്പളയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് 44.63 ലക്ഷം രൂപയാണ്.മന്ത്രിമാര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ ഇരട്ടിവരും ഇത്. മന്ത്രിമാരുടെ മാസശമ്പളം ഒരു ലക്ഷത്തില്‍ താഴെയാണ്. അംഗങ്ങള്‍ക്ക് വീട്ടുവാടക അലവന്‍സ് 10,000, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്, യാത്രബത്ത കിലോമിറ്ററിന് 15 രൂപ, 6 മുതല്‍ 12 മണിക്കൂര്‍വരെ ഒരിടത്ത് തങ്ങേണ്ടിവന്നാല്‍ ഡി.എ. 250 രൂപ, 24 മണിക്കൂറായാല്‍ 500 രൂപ ഇങ്ങനെയും പണം കിട്ടും. ഭരണമുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങുന്ന പ്രതിമാസ ശമ്പളത്തിനു പുറമെ കാറ്, താമസിക്കാന്‍ ഫ്ളാറ്റ്, ഓരോ സിറ്റിംഗിനും അലവന്‍സ്, യാത്രാബത്ത, മെഡിക്കല്‍ അലവന്‍സ് എന്നിവയും ലഭിക്കുന്നുണ്ട്. ആറ് വര്‍ഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോള്‍ ആജീവനാന്ത പെന്‍ഷനും കിട്ടും. ഇതിനുപുറമെ കുടുംബാംഗങ്ങള്‍ക്കടക്കം സൗജന്യ ചികിത്സാസഹായവും. ഇന്ത്യയില്‍ ഏറ്റവുമധികം പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടത്തുന്ന രാജസ്ഥാനില്‍ വെറും 8 അംഗങ്ങള്‍ മാത്രമാണുള്ളത്. തമിഴ്നാട്ടില്‍ 14 ഉം കര്‍ണാടകയില്‍ 13 ഉം അംഗങ്ങളുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയില്‍ 9 അംഗങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം പി.എസ്.സി കൂടാതെ നിരവധി റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ ഉള്ളതിനാല്‍ പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ കുറവാണെന്നാണ് കേരളത്തിലെ പി.എസ്.സി അംഗങ്ങള്‍ പറയുന്നത്. കേരളത്തില്‍ 2600 തസ്തികകളിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്. രാജസ്ഥാനില്‍ 160 തസ്തികകളില്‍ മാത്രമാണ് പി.എസ്.സി നിയമനം. എന്നാല്‍ ഈ മറുപടി സാധാരണക്കാരന്റെ നികുതിപ്പണം വല്ലാണ്ട് ചെലവഴിക്കുന്നതിനുള്ള തക്കതായ മറുപടിയൊന്നും അല്ലെന്ന് പറയുന്നവരും ഉണ്ട്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് പി.എസ്.സി വഴി നിയമനം ലഭിക്കണമെങ്കില്‍ കുത്തിയിരുന്ന് പഠിച്ച് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ നിയമന ശുപാര്‍ശ ലഭിക്കൂ. ഇന്റര്‍വ്യൂ എന്ന കടമ്പയുമുണ്ട്. പി.എസ്.സി എന്ന വെള്ളാന ഇപ്പോള്‍ കേരളത്തില്‍ നടത്തുന്ന നിയമനങ്ങള്‍ വര്‍ഷം തോറും താഴോട്ടാണ്. 2016 ല്‍ 37,530 നിയമനങ്ങള്‍ നടത്തിയെങ്കില്‍ 2023 ജൂലായ് വരെ 15,144 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. പി.എസ്.സിയെ നോക്ക്കുത്തിയാക്കി താത്കാലിക നിയമനങ്ങളും കരാര്‍, പിന്‍വാതില്‍ നിയമനങ്ങളും പെരുകിയതാണ് ഇതിനു കാരണം. പല സ്ഥാപനങ്ങളിലും താത്കാലിക നിയമനം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിലായി 5000 ത്തോളം താത്കാലികക്കാരുണ്ടെന്നാണ് കണക്ക്. മിക്ക ഓഫീസുകളിലും ഡ്രൈവര്‍ നിയമനവും താത്കാലികമാണ്. പി.എസ്.സി ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളും കേന്ദ്ര ജുഡിഷ്യല്‍ കമ്മിഷന് അംഗങ്ങളുടെ അലവന്‍സുകളും വേണമെന്നാണ് പി.എസ്.സി അംഗങ്ങളും ചെയര്‍മാനും ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഭരണകക്ഷിയിലെ നേതാക്കളെ അത്രകണ്ട് സേഫ് ആക്കാനുള്ള ഇടം മാത്രമായി പി.എസ്.സി മാറിയിരിക്കുന്നു. നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് പി.എസ്.സി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ കൃത്രിമ ത്തിലൂടെ പൊലീസ് പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ എത്തിയത് നമ്മെ ഞെട്ടിച്ചതായിരുന്നു. പിന്നെയും പി.എസ്.സി ക്രമക്കേടുകള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് യുവാക്കള്‍ കഷ്ടപ്പെട്ട് പഠിച്ച് എഴുതുകയും കായികക്ഷമത തെളിയിക്കുകയും ചെയ്ത ഒരു പരീക്ഷയില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും ക്രിമിനല്‍ ബുദ്ധിയും ഉപയോഗിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതോടെ പി.എസ്.സി എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് അപകടത്തില്‍ പെട്ടത്. എന്ത് വിശ്വാസത്തിലാണ് തങ്ങള്‍ പരീക്ഷകള്‍ എഴുതാനായി കഷ്ടപ്പെടുന്നതെന്ന ചോദ്യമാകും ചെറുപ്പക്കാരുടെ മനസില്‍ സ്വാഭാവികമായും ഉയരുക. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് വിവിധ പരീക്ഷകളില്‍ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ഉത്തരവ് കാത്ത് കഴിയുന്നത്. അതിലെല്ലാം പരീക്ഷാത്തട്ടിപ്പും രാഷ്ട്രീയ സ്വാധീനവും അഴിമതിയും നടത്തി ക്രിമിനലുകളായ ആളുകള്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ സത്യസന്ധമായി പരീക്ഷ എഴുതിയവരുടെ അവസരങ്ങളാണ് നഷ്ടപ്പെടുക. ഇതുവരെ നടന്ന നിയമനങ്ങളിലും ഇത് നടന്നിട്ടുണ്ടെങ്കില്‍ തൊഴില്‍രഹിതരായ അനേകം ചെറുപ്പക്കാരുടെ തൊഴിലുകള്‍ തട്ടിപ്പുകാരായ ആളുകള്‍ കയ്യടക്കിയിരിക്കണം. പരീക്ഷകളിലെ തട്ടിപ്പ് മാത്രമല്ല, ഇന്റര്‍വ്യൂ ആവശ്യമുള്ള നിയമനങ്ങളില്‍ നടന്ന സ്വജനപക്ഷപാതവും അഴിമതിയും കൃത്രിമവും എല്ലാം പരിശോധിക്കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് പി എസ് സി അംഗങ്ങളായി നിയമിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് സ്വാഭാവികമായും അതത് രാഷ്ട്രീയ പാര്‍ട്ടികളുമായും അവര്‍ നിയോഗിക്കുന്ന പി എസ് സി അംഗങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധങ്ങളുണ്ടാകും. ഇതെല്ലാം ഇന്റര്‍വ്യൂകളില്‍ വഴിവിട്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും ജനങ്ങള്‍ക്കും തോന്നാം. സംവരണം പോലുള്ള കാര്യങ്ങളില്‍ തിരിമറികള്‍ നടക്കുന്നതായും ആരോപണം ഉണ്ട്. ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതുപോലെ അംഗങ്ങളും അവരെ നയിക്കാന്‍ ചെയര്‍മാനും ഉള്ള കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന് വിസ്മരിക്കരുത്. ഈ സാഹചര്യത്തിലാണ് പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കേണ്ടതല്ലേ എന്ന ചോദ്യം ഉന്നയിക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താം ട്രയാംഗിള്‍ വെബ്സൈറ്റിലൂടെ..



Add a Comment